ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടി ബ്ളോക്കിലാണ് 17.34ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.2001-ലെ സെൻസസ് പ്രകാരം 38163 ജനസംഖ്യയുള്ള ഇതിൽ 19292 പുരുഷന്മാരും 18871 സ്ത്രീകളുമുണ്ട്. 2011ലെ സെൻസസ് പ്രകാരം തേഞ്ഞിപ്പലം മലപ്പുറം മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ ഒരു ഭാഗമാണ് മലബാർമേഖലയിലെ ആദ്യത്തെ സർവകലാശാലയായ കാലിക്കട്ട് സർവകലാശാല, പഞ്ചായത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. തേഞ്ഞിപ്പലം പഞ്ചായത്തിലെ പ്രധാന വാണിജ്യ സ്ഥലമാണ് 'ചേളാരി', അതേസമയം 'പനമ്പ്ര' പഞ്ചായത്തിന്റെ ആസ്ഥാനമായി കണക്കാക്കപ്പെടുന്നു. ചേളാരിക്കും സർവകലാശാലയ്ക്കും ഇടയിലുള്ള ചെറിയ പട്ടണത്തെ കോഹിനൂർ എന്ന് വിളിക്കുന്നു. മലപ്പുറം ജില്ലയുടെ വടക്കു പടിഞ്ഞാറൻ മേഖലയിലാണ് തേഞ്ഞിപ്പലം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്, ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയും താലൂക്ക് ആസ്ഥാനമായ തിരൂരങ്ങാടിയിൽ നിന്ന് 11 കിലോമീറ്റർ വടക്കു മാറിയുമാണ് സ്ഥിതിചെയ്യുന്നത്. വടക്ക്ചേലേമ്പ്ര പഞ്ചായത്തുമായും കിഴക്ക് പള്ളിക്കൽ, പെരുവല്ലൂർ പഞ്ചായത്തുകളുമായും അതിർത്തി പങ്കിടുന്നു, പടിഞ്ഞാറ് കടലുണ്ടി നദി വള്ളിക്കുന്ന് പഞ്ചായത്തിനെ വേർതിരിക്കുന്നു. തെക്ക്ഭാഗത്ത് ഇത് മൂനിയൂർ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നു. മംഗലാപുരം-ഇടപ്പള്ളിദേശീയപാത 17 ൽ കോഴിക്കോടിന് 24 കിലോമീറ്റർ തെക്കായി ഇത് സ്ഥിതിചെയ്യുന്നു.