ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കടലുണ്ടി  എന്ന ഇന്നത്തെ പ്രദേശം പുരാതന തുറമുഖമായ തിണ്ടിസ് ആയിരുന്നുവെന്ന് കരുതപ്പെടുന്നു. അറേബ്യൻ രാജ്യങ്ങളുമായി പുരാതനകാലം മുതൽ ഇവിടെ വ്യാപാരബന്ധങ്ങൾ നിലനിന്നിരുന്നു. കടലുണ്ടിപ്പുഴ വഴി വലിയ കപ്പലുകൾ കപ്പേപ്പാടം വരെ എത്തിയിരുന്നതായി ചരിത്രം പറയുന്നു. ഇരുമ്പോത്തുംകടവ് പ്രദേശത്ത് ഇരുമ്പ് ഉത്പാദനവും ആയുധനിർമാണവും നടന്നിരുന്നു. ഈ പ്രദേശങ്ങൾ പഴയകാലത്ത് പരപ്പനാട് രാജാക്കന്മാരുടെ ഭരണത്തിലായിരുന്നു. ശിവക്ഷേത്രങ്ങളെ ആസ്പദമാക്കി വള്ളിക്കുന്ന്, മണ്ണൂർ, ചേലേമ്പ്ര, തേഞ്ഞിപ്പലം, വെണ്ണായൂർ എന്നീ തറക്കൂട്ടങ്ങളിലൂടെ ഭരണസംവിധാനം നടന്നു. വള്ളിക്കുന്നു പ്രദേശം പരപ്പനാട് രാജാക്കന്മാരുടെ പ്രധാന ആസ്ഥാനമായിരുന്നു. അവിടത്തെ മേക്കോട്ട് ഭഗവതി ക്ഷേേത്രത്തിനടുത്ത് കൊട്ടാരവും പടയാളികളുടെ പരിശീലനകേന്ദ്രവും ഉണ്ടായിരുന്നതായി തെളിവുകൾ കാണുന്നു. പിന്നീട് പരപ്പനാട് കോവിലകം രണ്ട് താവഴികളായി പിരിഞ്ഞു. കേരളവർമ്മ വലിയകോയിത്തമ്പുരാനും എ.ആർ. രാജരാജവർമ്മയും ഈ വംശപരമ്പരയിൽപ്പെട്ടവരായിരുന്നു. വള്ളിക്കുന്ന് സാഹിത്യത്തിലും പുരാണങ്ങളിലും പരാമർശിക്കപ്പെട്ട പ്രദേശമാണ്. വേലുത്തമ്പി ദളവയുടെ പിതാമഹനും ഇവിടെ നിന്നാണ് തിരുവിതാംകൂറിലേക്ക് പോയത്. ബ്രിട്ടീഷ് കാലത്ത് ക്ഷേത്രഭരണവും ഭൂസ്വത്തുകളും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലായി. 1921-ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട നിരവധി സമരങ്ങളും വെടിവെപ്പുകളും ഇവിടെ നടന്നു. ഭൂമിയുടെ ഭൂരിഭാഗവും ജന്മി കുടുംബങ്ങളുടെ കൈവശത്തിലായിരുന്നു.